Wednesday, November 3, 2010

യക്ഷി

സമയം അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കുന്നു... വീട് ലക്‌ഷ്യം വച്ച് ഗോപി വേഗം നടന്നു നീങ്ങി..
നല്ല നിലാവുണ്ട്....വീട്ടില്‍ ഭാര്യയും കുഞ്ഞും തനിച്ചേ ഉള്ളൂ....
അപ്പു മാഷുടെ വീട്ടിലെ കട്ടിലിന്റെ പണി ഇന്ന് തീര്‍ത്ത് കൊടുക്കേണ്ടതിനാല്‍ വളരെ വൈകി...
പാലപ്പൂവിന്റെ സുഗന്ധം മൂക്കിലേക്ക് തറച്ചു കയറുന്നു....
സര്‍പ്പക്കാവിനു അടുത്തുള്ള പാലമരം പൂത്തു നില്‍ക്കുകയാണ്...
ഗോപിയുടെ ചങ്കിടിപ്പിന്റെ വേഗം കൂടി....
പലരും പല രാത്രികളിലും ഇവിടെ യക്ഷിയെ കണ്ടിട്ടുള്ള കഥകള്‍ കേട്ടിട്ടുണ്ട് ....
ഭയം ഗോപിയുടെ മനസ്സിനെ ഭരിക്കാന്‍ തുടങ്ങി...
പെട്ടന്ന് രാത്രിയുടെ നിശബ്ദദ ഭേദിച്ച് കൊണ്ട് ഒരു ചിരി....
... സര്‍പ്പക്കാവില്‍ നിന്നും ഒരു സ്ത്രീരൂപം എഴുന്നേറ്റു വരുന്നു .... വാഴവെട്ടിയിട്ടത്‌ പോലെ ഗോപി താഴെ വീണു...
ബോധം പോയി കിടക്കുന്ന ഗോപിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ... പഞ്ചായത്താപ്പീസിലെ തൂപ്പുകാരി അമ്മിണിയും മെമ്പര്‍ ഭാസ്കരനും... അവരവരുടെ വീടുകള്‍... ലക്ഷ്യമാക്കി നടന്നകന്നു...

മിനിക്കഥ

അകലെ നീലാകാശവും... ആര്‍ത്തലയ്ക്കുന്ന നീലക്കടലും നോക്കി അവന്‍ മണല്‍പ്പരപ്പില്‍ കാത്തിരുന്നു....
അവനുറപ്പായിരുന്നു അവള്‍ വരുമെന്ന്...
സമയം ഇഴഞ്ഞു നീങ്ങിയത് അവന്‍ അറിഞ്ഞില്ല...
മൂന്നാം നാള്‍ അവള്‍ വന്നു... കടലിന്റെ അഗാധധയില്‍ നിന്നും...
അവളുടെ മുഖം ഒരു നോക്ക് നോക്കി... ഒരു വാക്കും മിണ്ടാതെ അവനും നടന്നു നീങ്ങി...
കടലിന്റെ അഗാധതലങ്ങള്‍ സന്ദര്‍ശിക്കുവാന്‍...